ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശത്തെ കുറിച്ച് ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണം നൽകി. ആപ്പ് ഫോണിൽ ഉണ്ടായിരിക്കും, എന്നാൽ ഉപയോക്താക്കൾക്ക് അത് സജീവമാക്കുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടത് നിർബന്ധമല്ല. വേണമെങ്കിൽ ഡിലീറ്റ് ചെയ്യാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.Sanchar Saathi app; Central government issues clarification
സ്വകാര്യതാ ആശങ്കകൾ രാജ്യത്തുടനീളം ഉയർന്നപ്പോൾ തന്നെയാണ് മന്ത്രിയുടെ ഇടപെടൽ.സഞ്ചാർ സാഥി വഴി കോൾ നിരീക്ഷണമോ ചാരപ്രവർത്തനമോ ഒന്നും നടക്കില്ല , ലക്ഷ്യം സൈബർ തട്ടിപ്പുകളും വ്യാജ സിം ഉപയോഗവും തടയുക മാത്രം എന്നും അദ്ദേഹം പറഞ്ഞു.
ഫോൺ നിർമാതാക്കൾക്ക് ആപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കാനോ ഡിസേബിൾ ചെയ്യാനോ പാടില്ലെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നൽകിയ നിർദേശത്തോടെയാണ് വിവാദം ശക്തമായത്. ഈ നിർദേശം നടപ്പിലാക്കാൻ 90 ദിവസം സമയവും അനുവദിച്ചിരുന്നു. നിർമാണ കമ്പനികൾ മാത്രമല്ല,ഡാറ്റ ശേഖരണം, ഉപയോക്തൃ അനുമതി എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലം രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമാവുകയായിരുന്നു. പാർലമെന്റിൽ പോലും നിർദേശം പിൻവലിക്കണം എന്നതിൻ്റെ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.
ഒരു വ്യക്തിയുടെ സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്ന നടപടി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇതിനെ “ചാരവൃത്തി ആപ്പ് എന്ന് വിശേഷിപ്പിച്ചപ്പോൾ, പ്രിയങ്ക ചതുർവേദി ഇത് “ബിഗ് ബോസ് നിരീക്ഷണം” ആണെന്ന് വിമർശിച്ചു. 2022-ൽ വലിയ രാഷ്ട്രീയ ചലനം സൃഷ്ടിച്ച പെഗാസസ് സ്പൈവെയർ പ്രോഗ്രാമുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു. ഇസ്രായേലി എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് മൊബൈൽ ഉപകരണങ്ങളിൽ രഹസ്യമായി പ്രവേശിച്ച് അവയെ നിരീക്ഷിക്കാൻ ഉപയോഗിച്ചതായിരുന്നു.
