ബെംഗളൂരു:തങ്ങൾക്കിടയിൽ യാതൊരു ഭിന്നതയോ അഭിപ്രായവ്യത്യാസമോ ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ വസതിയിൽ നടത്തിയ പ്രഭാതഭക്ഷണത്തിന് ശേഷമാണ് ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചത്.Siddaramaiah and DK Shivakumar clarified their stand in a joint press conference
ഒരു മാസം നീണ്ട ആശയക്കുഴപ്പങ്ങൾ ഇപ്പോൾ പൂര്‍ണമായി പരിഹരിച്ചിട്ടുണ്ടെന്നും തങ്ങൾ ചേർന്ന് ചർച്ച ചെയ്തതിൽ നിന്നും എല്ലാ സംശയങ്ങളും നീങ്ങിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. അടുത്ത കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി ഒരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കൈകോർത്ത് പ്രവർത്തിച്ചതുപോലെ 2028-ലും ഒരുമിച്ചായിരിക്കും. ഇതുവരെ ഞങ്ങൾക്കിടയിൽ ഭിന്നത ഉണ്ടായിട്ടില്ല. ഭാവിയിലും ഉണ്ടായേക്കില്ല,” എന്ന് ശിവകുമാർ ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ പ്രഭാതഭക്ഷണസമ്മേളനത്തിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ നേതാക്കൾ പുറത്തുവിട്ടിട്ടില്ല. ശിവകുമാർക്ക് അനുകൂലമായ ചില തീരുമാനങ്ങളിലെത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം ഉടൻ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാനില്ലെന്നും കോൺഗ്രസ്ലീഡർഷിപ്പ് വിലയിരുത്തുന്നുണ്ട്. ജനപിന്തുണയുള്ള സിദ്ധരാമയ്യയെ പെട്ടെന്ന് മാറ്റുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
മന്ത്രിസഭ പുനഃസംഘടനയാണ് സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം. ശിവകുമാറും ഇതിന് പിന്തുണ നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ശിവകുമാർ അനുകൂലികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ശിവകുമാർ പി.സി.സി അധ്യക്ഷനായി തുടരുകയും ചെയ്യും. ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതിനാൽ, ഉഭയസമ്മതത്തോടെയുള്ള അധികാര കൈമാറ്റം മാത്രമേ ഭാവിയിൽ സാധ്യമാകൂ എന്നും വിലയിരുത്തുന്നു.
