ഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് സത്യവാചകം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളുടെ ചീഫ് ജസ്റ്റിസുമാരുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക ശ്രദ്ധ നേടി.Justice Surya Kant takes charge as Chief Justice of Supreme Court
ചുമതലയേറ്റതിന് പിന്നാലെ, സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി ആവശ്യമായ കേസുകളിൽ ഉടൻ നടപടി ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇതിനായി കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കാനാണ് തീരുമാനം. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കലും സുപ്രീം കോടതിയിൽ തടഞ്ഞു നിൽക്കുന്നില് കാരണം കീഴ്ക്കോടതികൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത കേസുകൾക്ക് മുൻഗണന നൽകലും അദ്ദേഹം ലക്ഷ്യമാക്കി.
ദേശീയ പ്രാധാന്യമുള്ള കേസുകൾ വേഗത്തിൽ പരിഗണിക്കാനും കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥത പ്രോത്സാഹിപ്പിക്കാനും, നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗം വികസിപ്പിക്കാനും ചീഫ് ജസ്റ്റിസ് തിരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ പരിഗണനയിലുള്ള കേരളത്തിലെ എസ്.ഐ.ആർ കേസ് ഉൾപ്പെടെയുള്ളവ ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലാണ്.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്, ആ സംസ്ഥാനത്ത് നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും സ്വന്തമാക്കി. ഒക്ടോബർ 30ന് ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
