ഡൽഹി: ചെങ്കോട്ടയ്ക്ക് മുന്നിൽ നടന്ന കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) റദ്ദാക്കി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (IMR)യും നാഷണൽ മെഡിക്കൽ രജിസ്റ്റർ (NMR)യും റദ്ദാക്കിയതിനാൽ, ഇനി ഇവർക്ക് രാജ്യത്ത് എവിടെയും ചികിത്സ നടത്താനോ മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല.
അന്വേഷണ ഏജൻസികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഭീകര സംഘടനകളുമായുള്ള ബന്ധം വ്യക്തമായതായി NMC ഉത്തരവിൽ പറയുന്നു.Delhi Red Fort blast case: Medical registration of 4 arrested doctors cancelled
ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ ജമ്മു-കശ്മീർ പൊലീസ് കണ്ടെത്തിയതിന്റെ പിന്നാലെയാണ് ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യം നടുങ്ങിയ ഈ സംഭവം. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാമസ്ജിദിനും സമീപം, ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലുള്ള റോഡിലായിരുന്നു ഹരിയാന രജിസ്ട്രേഷൻ വാഹനത്തിൽ സ്ഫോടനം. ഫരീദാബാദിൽ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുൽവാമ സ്വദേശിയായ ഡോ. ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
