മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയിൽ ട്രെയിൻ പാളം തെറ്റി ബീമിലിടിച്ച് അപകടം സംഭവിച്ചു. സംഭവം വഡാല ഡിപ്പോയിലാണ് ഉണ്ടായത്. ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭാഗ്യവശാൽ ട്രെയിനിൽ യാത്രക്കാരുണ്ടായിരുന്നില്ല.Mumbai monorail train derails during test run, accident
പുതുതായി എത്തിയ മോണോറെയിൽ റേക്കിന്റെ പരീക്ഷണയോട്ടത്തിനിടെയായിരുന്നു അപകടം. ട്രെയിനിന്റെ മുൻ കോച്ച് പാളം തെറ്റി ബീമിലിടിച്ചതിനെ തുടർന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ റേക്കിന് ഗൗരവമായ കേടുപാടുകൾ സംഭവിച്ചു. പിന്നാലെ ക്രെയിനിന്റെ സഹായത്തോടെ ട്രെയിൻ നീക്കം ചെയ്യുകയായിരുന്നു.
നവീകരണപ്രവർത്തനങ്ങൾ മൂലം സെപ്റ്റംബർ 20 മുതൽ മോണോറെയിൽ സർവീസ് താൽക്കാലികമായി നിർത്തിയിരിക്കുകയായിരുന്നു. പതിവായി നടത്തുന്ന സിഗ്നൽ പരിശോധനയ്ക്കിടെയാണിതുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അപകടം ചെറിയതാണെന്നും വലിയ അപകടസാധ്യത ഇല്ലായിരുന്നുവെന്നും അവർ അറിയിച്ചു.
