ഗുവാഹത്തി: മണിപ്പൂരിൽ സുരക്ഷാ സേനയും യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് വിമതർ വധിക്കപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ഹെങ്ലെപ്പ് സബ്ഡിവിഷനിലെ ഖാൻപി ഗ്രാമത്തിലാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവം.Another encounter in Manipur; Four UKNA rebels killed
ചുരാചന്ദ്പൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഖാൻപിയിലെ സൈനിക ക്യാമ്പിന് നേരെ വിമതർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷാ സേനയും യുകെഎൻഎ ഗ്രൂപ്പും തമ്മിൽ ശക്തമായ വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലിൽ നാല് വിമതരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രദേശത്ത് സമാധാനം തകർക്കാനും നാട്ടുകാരെ ഭീഷണിപ്പെടുത്താനുമാണ് വിമതർ ശ്രമിച്ചതെന്നും അതിനെ തുടർന്നാണ് സൈന്യം നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നിരപരാധികളായ ജനങ്ങളുടെ സുരക്ഷയും തീവ്രവാദ ഭീഷണി ഇല്ലാതാക്കലും ഇന്ത്യൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും പ്രധാന ലക്ഷ്യമാണെന്നും പ്രസ്താവനയിൽ ചേർത്തു.
