മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ ആരോപിച്ചു. 2024 ലെ വോട്ടർ പട്ടികയിൽ ഉണ്ടായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വോട്ട് മോഷണത്തിന്റെ തെളിവുകൾ സഹിതമാണ് താക്കറെ പക്ഷം രംഗത്തെത്തിയത്. അതേസമയം, ഈ ആരോപണങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരാജയ ഭീതിയുടെ ഫലമാണെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം.Uddhav Thackeray says democracy has been subverted in Maharashtra
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ മുന്നോട്ട് വന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വൻതോതിലുള്ള ക്രമക്കേടുകൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾക്ക് ഉത്തരവാദികളായ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടിക തിരുത്തുന്നതുവരെ തെരഞ്ഞെടുപ്പ് അനുവദിക്കരുതെന്നും താക്കറെ മുന്നറിയിപ്പ് നൽകി. വ്യാജ വോട്ടർമാരെ കണ്ടെത്താൻ മേഖലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും പാർട്ടി പ്രവർത്തകരോട് നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർതിരിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും ഉദ്ധവ് ആരോപിച്ചു. സ്വയം പ്രഖ്യാപിത ദേശസ്നേഹികളുടെ വ്യാജ സംഘമായി ബിജെപി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അമിത് ഷായെ ‘അനക്കോണ്ട’യോട് താരതമ്യം ചെയ്തും താക്കറെ രൂക്ഷമായ പരാമർശം നടത്തി. മുംബൈയിലെ ബിജെപിയുടെ പുതിയ ഓഫീസിന്റെ ഭൂമിപൂജയ്ക്കായി അമിത് ഷാ എത്തിയതും ബൈക്കുള മൃഗശാലയിൽ അനക്കോണ്ട എത്തിച്ചതും ഒരുമിച്ച് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശിച്ചത് — “അനക്കോണ്ട എല്ലാം വിഴുങ്ങുന്ന ജീവിയല്ലേയോ,” എന്ന് താക്കറെ പരിഹസിച്ചു.
വർളി മണ്ഡലത്തിൽ മാത്രം 19,333 വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്ന് ആദിത്യ താക്കറെ കണക്കുകൾ സഹിതം ആരോപിച്ചു. നീതിപൂർണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പ്രവർത്തകർ തങ്ങളുടെ പ്രദേശങ്ങളിലെ വോട്ടർ പട്ടികകൾ പരിശോധിച്ച് പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
