ജയ്പുർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.20 people burnt to death after bus catches fire in Rajasthan
ഇന്നലെ ഉച്ചയ്ക്ക് ജയ്സൽമേരിൽ നിന്ന് ജോധ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. 57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്ര ആരംഭിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ തന്നെ ബസിൽ പുകയും തീയും ഉയർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പുക ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തിയെങ്കിലും തീ വേഗത്തിൽ പടരുകയായിരുന്നു. 19 പേർ സ്ഥലത്തുവച്ച് തന്നെ മരിച്ചു; മറ്റൊരാൾ പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ദാരുണമായ ഈ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഭജന്‍ലാൽ ശർമ്മ എക്സിൽ ദുഃഖം രേഖപ്പെടുത്തി. “പരിക്കേറ്റവർക്ക് ആവശ്യമായ മുഴുവൻ ചികിത്സയും ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്; എല്ലാ സഹായവും നൽകും,” മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം അപകടസ്ഥലവും ആശുപത്രിയിലെ പരിക്കേറ്റവരെയും സന്ദർശിച്ചു.
