കാഞ്ചിപുരത്തെ കോൾഡ്രിഫ് ചുമ സിറപ്പ് നിർമ്മാതാക്കളായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി. രംഗനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽ ഈ ചുമ മരുന്ന് കഴിച്ചതിനെ തുടർന്നാണ് 20 കുട്ടികൾ മരിച്ചത്.Cough syrup disaster: Pharmaceutical owner in custody
ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ സംസ്ഥാനങ്ങളോട് മരുന്ന് പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി. ശരിയായ ഗുണനിലവാര പരിശോധനയില്ലാതെ ഒരു ബാച്ച് മരുന്നുകളും പുറത്തിറങ്ങരുതെന്നും, നിർമാണ സ്ഥാപനങ്ങളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും നിർദേശം. സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, മധ്യപ്രദേശ് സർക്കാർ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റിയിട്ടുണ്ട്. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിലെ ഡോക്ടർ പ്രവീൺ സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ കാഞ്ചിപുരം ആസ്ഥാനമായ കമ്പനി നിർമ്മിച്ച കോൾഡ്രിഫ് ബ്രാൻഡ് ചുമ സിറപ്പ് കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് വിഷബാധയുണ്ടായതായാണ് റിപ്പോർട്ട്. 20 കുട്ടികൾ മരിച്ചതിനൊപ്പം, അഞ്ചുപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരിൽ രണ്ടുപേർ നാഗ്പൂർ എയിംസിൽ, രണ്ടുപേർ സർക്കാർ ആശുപത്രിയിൽ, ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
