ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ലളിത് മോദിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീർ മോദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റ് നടന്നത്.Sameer Modi arrested for marriage harassment
യുവതി നൽകിയ പരാതിയിൽ 2019 മുതൽ സമീർ മോദിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതിനുശേഷം 2019 ഡിസംബറിൽ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ ബലമായി പീഡിപ്പിച്ചതാണെന്നും പറയുന്നു. വിവാഹവാഗ്ദാനത്തിന്റെ പേരിലാണ് ബന്ധം മുന്നോട്ട് പോയതെങ്കിലും പിന്നീട് ചതിക്കപ്പെട്ടതായി യുവതി പറയുന്നു.
പരാതി പ്രകാരം, പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുടുംബത്തിനും തനിക്കും ജീവഹാനി ഭീഷണി ഉണ്ടെന്നും സമീർ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ സമ്മർദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് പണം തട്ടാനുള്ള ശ്രമമാണെന്നും സമീറിന്റെ അഭിഭാഷകൻ അറിയിച്ചു. 50 കോടി രൂപ ആവശ്യപ്പെട്ട് യുവതി അയച്ചുവെന്ന സന്ദേശങ്ങൾ പോലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനിയായ മോദി കെയർ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് സമീർ മോദി. വ്യവസായികളായ കെ.കെ. മോദിയുടെയും ബീന മോദിയുടെയും ഇളയ മകനായ ഇദ്ദേഹം, കഴിഞ്ഞ വർഷം അമ്മയുമായി ഉണ്ടായ സ്വത്ത് തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. കെ.കെ. മോദിയുടെ മരണശേഷം 11,000 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച വഴക്കിൽ നിന്നും 2024 ജൂണിൽ അമ്മയിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീർ ഡൽഹി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുമുണ്ട്.
