കർണാടകയിലെ കാർവാർ എംഎൽഎ സതീഷ് കെ. സെയ്ല് ഇരുമ്പയിർ കയറ്റുമതി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13, 14 തീയതികളിൽ നടത്തിയ റെയ്ഡിൽ, അദ്ദേഹത്തിന്റെ വീടിൽ നിന്നും ഏകദേശം 1.5 കോടി രൂപയും 7 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി.Satish K. Sale arrested in iron ore export case
2024 ഒക്ടോബർ 26-ന്, സതീഷ് സെയ്ലിനെതിരെ കർണാടക പ്രത്യേക കോടതി ഇരുമ്പയിർ അഴിമതി കേസിൽ ഏഴ് വർഷം തടവും 44 കോടി രൂപ പിഴയും വിധിച്ചിരുന്നു. എങ്കിലും, ഈ വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2024 നവംബറിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
2009-10 കാലഘട്ടത്തിൽ കർണാടകയിൽ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് ഈ കേസ് ആരംഭിച്ചത്. സതീഷിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന്‍ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ബേലിക്കേരി തുറമുഖത്തിലൂടെ വൻതോതിൽ ഇരുമ്പയിർ അനധികൃതമായി കയറ്റുമതി ചെയ്തതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ ആധാരമാക്കി 2010-ൽ ഇഡി കേസെടുത്തിരുന്നു.
കൂടാതെ, ഷിരൂരിലെ മണ്ണിടിച്ചിലിനുശേഷം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ മലയാളികളുടെ ഇടയിൽ സതീഷ് കെ. സെയ്ലിന് വലിയ ശ്രദ്ധയുണ്ട്.
