ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റുകളായും മുൻ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർത്ഥികളുമായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇവർ ഉൾപ്പെടെ ഒമ്പത് പേരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.Delhi riots case: Umar Khalid, Sharjeel Imam’s bail pleas rejected
മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, അബ്ദുൾ ഖാലിദ് സൈഫി, ഗൾഫിഷ ഫാത്തിമ എന്നിവരുടെ അപേക്ഷകളും നിരസിക്കപ്പെട്ടു. 2022 മുതൽ പരിഗണനയിലായിരുന്ന ഇമാമിന്റെയും ഖാലിദിന്റെയും ജാമ്യാപേക്ഷകൾക്കാണ് ഇന്ന് അന്തിമ തീരുമാനം ഉണ്ടായത്.
സിഎഎ വിരുദ്ധ സമരങ്ങളും തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഖാലിദും ഇമാമും ഉൾപ്പെടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ഒമ്പത് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണ ആരംഭിക്കാതെ ഇവർ അഞ്ച് വർഷത്തോളമായി തടവിലുണ്ട്. ഇതേ കേസിൽ പ്രതിയായ തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയും നേരത്തെ ഹൈക്കോടതി പ്രത്യേക ബെഞ്ച് തള്ളിയിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചുറ്റിപ്പറ്റി ഉണ്ടായ കലാപത്തിലേക്ക് നയിച്ച വലിയ ഗൂഢാലോചനയിൽ ഖാലിദിനും ഇമാമിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. അക്രമത്തിൽ 50 ലധികം പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഖാലിദ് അന്നുമുതൽ ജയിലിലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് 7 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
