ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ വന്യജീവി സംരക്ഷണവും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘വൻതാര’ക്കെതിരെ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. മുൻ സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാനും കോടതി നിർദേശിച്ചു.Supreme Court orders: Special investigation against big star
ഗുജറാത്ത് ജാംനഗറിലെ വൻതാര കേന്ദ്രത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും മൃഗങ്ങളെ കൊണ്ടുവന്നതിൽ വന്യജീവി സംരക്ഷണ നിയമലംഘനങ്ങളുണ്ടോയെന്ന് സംഘം പരിശോധിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നും അന്വേഷണ വിധേയമാക്കും. അഭിഭാഷകൻ ജയ സുകിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസ് പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് നടപടി സ്വീകരിച്ചത്.
ജൂലൈയിൽ കോലാപൂരിലെ ക്ഷേത്രത്തിൽ നിന്നും മഹാദേവി എന്നു പേരുള്ള ആനയെ വൻതാരയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തത്.
മുൻ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാഗവേന്ദ്ര ചൗഹാൻ, മുംബൈയിലെ മുൻ പൊലീസ് കമ്മീഷണർ ഹേമന്ദ് നാഗരാലെ, അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണത്തിൽ പങ്കാളികളാകുന്നത്. സെപ്റ്റംബർ 12നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മൃഗങ്ങളുടെ ഇറക്കുമതി–കയറ്റുമതി, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്റിനറി പരിചരണം, നിയമലംഘന സാധ്യതകൾ, മൃഗങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടേയും വ്യാപാരം തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
കൂടാതെ, ഹരജിയിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധമായ ആരോപണങ്ങളും സംഘം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
