ന്യൂഡൽഹി: വൈകല്യമുള്ളവരെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ അഞ്ച് യൂട്യൂബർമാർക്കെതിരെ സുപ്രീംകോടതി നടപടി സ്വീകരിച്ചു. സമയ് റെയ്ന, വിപുൻ ഗോയൽ, ബൽരാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നിവർ പൊതുവേദിയിൽ മാപ്പ് പറയണമെന്ന് കോടതി നിർദേശിച്ചു. ഇനിയും വൈകല്യമുള്ളവരെ പരിഹസിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കും പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.Supreme Court criticizes fines for influencers who mocked people with disabilities
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലുണ്ടായ വിവാദ പരാമർശങ്ങളെയാണ് കേസ് കേന്ദ്രീകരിച്ചത്. Cure SMA ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഇതോടൊപ്പം, യൂട്യൂബർ രൺവീർ അൽബാദിയക്കെതിരായ കേസ് പരിഗണിക്കുമ്പോഴും സുപ്രീംകോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചു. വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇൻഫ്ലുവൻസർമാർ വ്യക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം, സമൂഹത്തിലെ പ്രത്യേക വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലാകരുത് എന്നും കോടതി വ്യക്തമാക്കി.
കേസിനോടനുബന്ധിച്ച് കേന്ദ്രസർക്കാറിനും നിർദേശങ്ങൾ നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ വിവരവിനിമയ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം തടയാൻ ആവശ്യമായ നിയന്ത്രണങ്ങളും ശിക്ഷാസംവിധാനങ്ങളും കൊണ്ടുവരണമെന്നും കോടതി ഉത്തരവിട്ടു.
വൈകല്യമുള്ളവരുടെ അന്തസ്സിനെ അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന പക്ഷം, യൂട്യൂബ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ഉത്തരവാദിത്വമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരൊറ്റ സംഭവത്തെ മാത്രം മുൻനിർത്തിയല്ല, സമൂഹത്തിന്റെ വിശാല താൽപര്യങ്ങൾക്കായി മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തണം എന്നതാണ് സുപ്രീംകോടതിയുടെ നിലപാട്.
രൺവീർ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ പരിപാടിക്കിടെ നടത്തിയ ഒരു ചോദ്യം തന്നെയാണ് വിവാദത്തിന് തുടക്കമായത്. മത്സരാർത്ഥിയോട് മാതാപിതാക്കളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചതാണ് കേസിലേക്കെത്തിയത്.
