ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ നടന്ന ദാരുണ സംഭവത്തിൽ ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. ഇന്നലെ സ്കൂൾ കഴിഞ്ഞ ശേഷം സമീപത്തെ മഴവെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.Six school children drown in Kurnool
സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവർ ജീവൻ നഷ്ടപ്പെട്ടവരാണ്. പത്ത് വയസിന് താഴെയുള്ള ഏഴ് വിദ്യാർത്ഥികളിൽ ആറുപേർ വെള്ളത്തിലിറങ്ങിയപ്പോൾ, കരയിൽ നിന്നിരുന്ന ഒരാൾ നിലവിളിച്ചാണ് അപകട വിവരം നാട്ടുകാർക്ക് അറിയിച്ചത്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
വിവരം ലഭിച്ചതോടെ ആളൂർ എംഎൽഎ വീരുപക്ഷി, ആർഡിഒ ഭരത് നായിക്, സിഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി നടപടികൾ ഏകോപിപ്പിച്ചു. കുടുംബങ്ങൾക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. കുട്ടികളുടെ അകാല മരണം കുടുംബങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, സർക്കാർ അവരുടെ പിന്തുണയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ആർഡിഒ അറിയിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
