ഓൺലൈൻ ഗെയിമിംഗ് മേഖലയെ ശക്തമായി നിയന്ത്രിക്കുന്നതിനായി പുതിയ ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രത്യേകിച്ച് പണമിടപാടുകളുമായി ബന്ധപ്പെട്ട ആപ്പുകളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമവിരുദ്ധമായ വാതുവെപ്പും ചൂഷണവും തടയുകയും ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുകയാണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. കൂടാതെ, ഇത്തരം പ്ലാറ്റ്ഫോമുകൾ കള്ളപ്പണം വെളുപ്പിക്കൽ, ദേശീയ സുരക്ഷാ ഭീഷണി തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടാതിരിക്കണമെന്നും സർക്കാർ ഉറപ്പാക്കുന്നു.Bill to tighten controls on online money gaming
പണമടച്ചുള്ള ഓൺലൈൻ ഗെയിമുകളും അതുമായി ബന്ധപ്പെട്ട സേവനങ്ങളും നൽകുന്നതിൽ ഏതു തരത്തിലുള്ള പങ്കാളിത്തവും നിരോധിക്കുകയാണ് സർക്കാരിന്റെ നിലപാട്. ഓപ്പറേറ്റർമാർക്ക് മാത്രമല്ല, പ്രമോഷനുകളിലേക്കും പരസ്യങ്ങളിലേക്കും ഈ നിയന്ത്രണം വ്യാപിക്കുന്നു. ആരെയെങ്കിലും ഓൺലൈൻ മണി ഗെയിം കളിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം, ഉള്ളടക്കം, അംഗീകാരം, പ്രചാരണം എന്നിവയും നിയമവിരുദ്ധമാക്കപ്പെടുന്നു. ഇതിൽ സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പ്രചാരണങ്ങളും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷയാണ് നേരിടേണ്ടത്. ഓൺലൈൻ മണി ഗെയിമിംഗ് സേവനം നൽകുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാം. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഉൾപ്പെട്ടാൽ, രണ്ട് വർഷം വരെ തടവും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പിഴയും ലഭിക്കാമെന്നു ബില്ലിൽ വ്യക്തമാക്കുന്നു. എന്നാൽ വിനോദപരമായി മാത്രം ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഗെയിമിംഗ് വ്യവസായം കോടിക്കണക്കിന് ഡോളറുകളുടെ വിപണിയായതിനാൽ സർക്കാരിന്റെ ഇടപെടൽ വലിയ ചർച്ചകൾക്കിടയാക്കി. എന്നാൽ, പണത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളുടെ അനിയന്ത്രിതമായ വളർച്ച യുവാക്കളിൽ മാനസികാരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക നഷ്ടങ്ങളും സൃഷ്ടിക്കുകയാണെന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇത്തരം ഗെയിമുകൾക്ക് ആശക്തി വളർത്താനുള്ള സ്വഭാവമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണം ഉപയോക്താക്കളെ നിയമവിരുദ്ധവും വിദേശവുമായ വാതുവെപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് തള്ളിവിടുമെന്ന് വ്യവസായ രംഗം മുന്നറിയിപ്പ് നൽകി. ഇതിലൂടെ ഡാറ്റാ മോഷണം, ഹവാല ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ വായ്പാ ചൂഷണം തുടങ്ങിയ പ്രശ്നങ്ങൾ കൂടി വർദ്ധിക്കുമെന്ന് അവർ ആരോപിക്കുന്നു. പൂർണമായ നിരോധനത്തിന് പകരം കെവൈസി പരിശോധന, സാമ്പത്തിക സുരക്ഷാ നടപടികൾ തുടങ്ങി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ദേശീയ താൽപര്യവും ഉപഭോക്തൃ ക്ഷേമവും സംരക്ഷിക്കാൻ കൂടുതൽ ഉചിതമെന്നു ഗെയിമിംഗ് കമ്പനികളുടെ നിലപാടാണ്.
