ഡൽഹി: വീണ്ടും ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം. മാൾവ്യ നഗറിലെ എസ്.കെ.വി സ്കൂളിനും പ്രസാദ് നഗറിലെ ആന്ധ്ര സ്കൂളിനുമാണ് പുതിയതായി ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞതോടെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.Bomb threat again in Delhi schools
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകളെ ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശം എത്തിയതോടെ അധികൃതർ ആശങ്കയിലാണ്. ഓഗസ്റ്റ് 18-നാണ് അവസാനമായി ഡൽഹിയിലെ വിവിധ സ്കൂളുകളിൽ ഇത്തരത്തിലുള്ള ഭീഷണി ഉണ്ടായിരുന്നത്. അന്ന് പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ, ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളാണ് ലക്ഷ്യമാക്കിയിരുന്നത്. എന്നാൽ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായിരുന്നില്ല.
സ്കൂളുകളിലേക്കുള്ള ഇത്തരം തുടർച്ചയായ ഭീഷണികളുടെ പിന്നിലെ കാരണം വ്യക്തമല്ല. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
