
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഡൽഹിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റിനുശേഷം ആദ്യമായാണ് ഇവർ നേരിട്ട് ചന്ദ്രശേഖറെ കാണുന്നത്. കേസിന്റെ തുടർനടപടികൾ സംബന്ധിച്ച ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.Nuns’ case: Meeting with Rajeev Chandrasekhar in Delhi
കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയും ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റിലായത്. മൂന്ന് പെൺകുട്ടികളെയും ഒരാളുടെ സഹോദരനെയും ഒപ്പം കൂട്ടിയാണ് ഇവർ ആഗ്രയിലേക്ക് യാത്രതിരിച്ചിരുന്നത്. സ്റ്റേഷനിൽ എത്തിയ ഇവരെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഭവം ഉണ്ടായത്.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ സഭയുടെ ആശുപത്രികളിലേക്കും പള്ളികളിലേക്കും ജോലിക്കായി കൊണ്ടുപോകുന്നതെന്ന് കന്യാസ്ത്രീകൾ വിശദീകരിച്ചു. രേഖകളും ഹാജരാക്കിയെങ്കിലും ബജ്റംഗ്ദൾ പ്രതിഷേധം ശക്തമായതോടെ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന്, കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.
ഒൻപത് ദിവസം ജയിൽവാസം അനുഭവിച്ചശേഷം ഇരുവരും ജാമ്യം ലഭിച്ചെങ്കിലും എഫ്.ഐ.ആർ. റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇരുവരും ഡൽഹിയിലെത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയത്.
അറസ്റ്റിനെത്തുടർന്ന് കേരളത്തിലും രാജ്യതലസ്ഥാനത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സി.പി.എം.യും വിഷയം ശക്തമായി ഉയർത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം കന്യാസ്ത്രീകളോടൊപ്പം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ നേരിടുമെന്നാണ് സൂചന.