
ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി ഘടനയിൽ വൻ മാറ്റങ്ങൾ വരുന്നു. ഇനി രണ്ട് സ്ലാബുകളേ ഉണ്ടായിരിക്കൂ – 5%യും 18%യും. ഇതോടെ മരുന്നുകൾ ഉൾപ്പെടെ അനിവാര്യ സാധനങ്ങളുടെ വിലയിൽ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ഈ പരിഷ്കാരം കൊണ്ടുവരുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പ്രഖ്യാപനം നടത്തിയത്.There are now only two GST slabs in the country: 5% and 18%.
ദീപാവലിക്കു മുമ്പായി പുതിയ ഘടന പ്രാബല്യത്തിൽ വരാനാണ് സാധ്യത. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളാണുള്ളത്. പുതിയ സംവിധാനത്തിൽ 12%യും 28%യും ഒഴിവാക്കും. ഇതോടെ മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എസി, വളം, കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ, ഇൻഷുറൻസ് പ്രീമിയം, കരകൗശല വസ്തുക്കൾ, പുനരുപയോഗ ഊർജ പദ്ധതികൾ തുടങ്ങി നിരവധി മേഖലകളിൽ വില കുറയും.
നിലവിൽ 12% നികുതി ബാധകമായ ഭൂരിഭാഗം ഉൽപ്പന്നങ്ങൾ 5% സ്ലാബിലേക്കും, 28% ബാധകമായവയിൽ 90% ഉൽപ്പന്നങ്ങൾ 18% സ്ലാബിലേക്കും മാറും. ആരോഗ്യം, ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കുള്ള 18% നികുതി ഒഴിവാക്കുകയോ 5% ആയി കുറയ്ക്കുകയോ ചെയ്യാനാണ് സാധ്യത.
അതേസമയം പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല തുടങ്ങിയവയ്ക്ക് 40% ജിഎസ്ടി ചുമത്തും. ഇപ്പോൾ ഇവയ്ക്ക് 28% നികുതിയാണെങ്കിലും സെസ് ഉൾപ്പെടെ 88% വരെ നികുതിഭാരമുണ്ട്. പുതിയ സംവിധാനം കൊണ്ടുവന്നാലും ആകെ നികുതി ഭാരം മാറ്റമില്ലാതെ തുടരും. ഓൺലൈൻ ഗെയിമിംഗിനും 40% നികുതി ബാധകമാകും. സ്വർണം (3%), വെള്ളി (3%), ഡയമണ്ട് (0.25%) എന്നിവയ്ക്കുള്ള പ്രത്യേക നിരക്കുകൾ നിലനിൽക്കും. പെട്രോൾ, വൈദ്യുതി, മദ്യം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളില്ല.
ജിഎസ്ടി നിലവിൽ വന്നിട്ട് എട്ടു വർഷം പിന്നിടുമ്പോഴാണ് ഇത്തരമൊരു സമൂല പരിഷ്കാരം. കേന്ദ്രസർക്കാർ ഇതിനുള്ള നിർദേശം മന്ത്രിതല ഉപസമിതിക്ക് കൈമാറിയിട്ടുണ്ട്. സെപ്റ്റംബർ യോഗത്തിൽ ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയാൽ ഒക്ടോബറിൽ തന്നെ പുതിയ സംവിധാനം പ്രാബല്യത്തിൽ വരാനിടയുണ്ട്. സർക്കാരുകൾക്ക് താൽക്കാലികമായി നികുതി നഷ്ടമുണ്ടായാലും വിലക്കുറവിലൂടെ ഉപഭോഗം വർധിച്ച് സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.