
2025 സെപ്റ്റംബർ 1 മുതൽ രജിസ്റ്റേർഡ് പോസ്റ്റ് സേവനം നിർത്തലാക്കുന്നുവെന്ന വാർത്തകൾക്ക് വ്യക്തത നൽകി തപാൽ വകുപ്പ്. “രജിസ്റ്റേർഡ് പോസ്റ്റ് ഇല്ലാതാക്കുന്നില്ല. ഇന്ത്യ പോസ്റ്റ് ഈ സേവനം സ്പീഡ് പോസ്റ്റുമായി സംയോജിപ്പിച്ച് നവീകരിക്കുന്നതാണ്; പൂർണമായും അവസാനിപ്പിക്കുന്നതല്ല,” എന്നാണ് വകുപ്പിന്റെ പ്രതികരണം.Registered post service will not be stopped: Postal Department
തപാൽ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, വിതരണം വേഗത്തിലാക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. ഉപഭോക്താക്കളുടെ പ്രതീക്ഷകളും നിലവിലെ വിപണി ആവശ്യങ്ങളും പരിഗണിച്ചാണ് നവീകരണം നടപ്പിലാക്കിയതെന്ന് വകുപ്പ് അറിയിച്ചു.
സ്പീഡ് പോസ്റ്റുമായി സംയോജിപ്പിക്കുന്നതിലൂടെ, രജിസ്റ്റേർഡ് പോസ്റ്റിന്റെ പരമ്പരാഗത സുരക്ഷാ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ വേഗത്തിൽ വിതരണം ഉറപ്പാക്കാനാണ് പദ്ധതി. തപാൽ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിശദീകരണം പുറത്തുവിട്ടത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച്, രജിസ്റ്റേർഡ് പോസ്റ്റും സ്പീഡ് പോസ്റ്റും ഒരുമിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യ പുനഃസംഘടന പൂർത്തിയാക്കിയതായി വ്യക്തമാക്കി. ഈ നീക്കം വഴി യാത്രാമധ്യേ ഉണ്ടാകുന്ന കാലതാമസം കുറയും എന്നാണ് പ്രതീക്ഷ.
മാറ്റമില്ലാതെ തുടരുന്നത്;
- വ്യക്തി-നിർദ്ദിഷ്ട ഡെലിവറി.
- ഡെലിവറി രസീതും തത്സമയ ട്രാക്കിംഗും.
- നിയമപരമായ സാധുതയും അംഗീകാരങ്ങളും
സംയോജനത്തെത്തുടർന്ന്, സ്പീഡ് പോസ്റ്റ് ലെറ്ററും സ്പീഡ് പോസ്റ്റ് പാഴ്സലും വിലാസത്തിന് പ്രത്യേക ഡെലിവറി നൽകും, അതേസമയം രജിസ്ട്രേഷനോടുകൂടിയ സ്പീഡ് പോസ്റ്റായി ബുക്ക് ചെയ്ത ഇനങ്ങൾ വിലാസക്കാരന് പ്രത്യേകമായി എത്തിക്കും. സ്പീഡ് പോസ്റ്റിന് കീഴിലുള്ള രജിസ്ട്രേഷന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് തുടർന്നും ആസ്വദിക്കാനാകും, അതോടൊപ്പം പ്രീമിയം സ്പീഡ് പോസ്റ്റ് സവിശേഷതകളിലേക്ക് പ്രവേശനം നേടുകയും ചെയ്യും;
- വിതരണത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ.
- ഒടിപി വഴി ഉരുപ്പടികൾ സുരക്ഷിതമാക്കും.
- ക്യാഷ് ഓൺ ഡെലിവറി (COD) സേവനങ്ങൾ ലഭ്യമാകും.
- ഉൽപ്പന്നങ്ങളുടെ അളവിനനുസരിച്ച് കിഴിവുകൾ നൽകും.
- തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓൺലൈൻ ട്രാക്കിംഗ് സാധ്യമാകും.
- വലിയ തോതിൽ ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് സൗകര്യങ്ങളും നൽകും.
കോർപ്പറേറ്റ് ഉപഭോക്താക്കൾക്കായി ദേശീയ അക്കൗണ്ട് സൗകര്യം.