
പൂനെയിൽ കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിലേക്ക് യാത്ര ചെയ്ത വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 40 പേർ യാത്ര ചെയ്തിരുന്ന വാഹനം ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി 30 അടി താഴേക്ക് മറിഞ്ഞാണ് ദുരന്തം സംഭവിച്ചത്.Eight women die in van overturning in Pune
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ആഘോഷിക്കാനായി ഖേദ് തെഹ്സിലിലെ ശ്രീ ക്ഷേത്ര മഹാദേവ് കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പാപൽവാഡി ഗ്രാമത്തിലെ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന ഉടൻ പത്തോളം ആംബുലൻസുകൾ സ്ഥലത്തെത്തി പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ദേശത്തെ നടുക്കിയ ഈ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ദുഃഖം രേഖപ്പെടുത്തി, മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.