
ഇന്ത്യൻ സൈന്യത്തിലെ ഏകപക്ഷീയ ജെൻഡർ ക്വാട്ടാ നയം സുപ്രീം കോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. ഒഴിവുകൾ പുരുഷന്മാർക്കു മാത്രം സംവരണം ചെയ്യുന്നത് നിയമപരവും ഭരണഘടനാപരവുമായി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.Supreme Court criticizes arbitrary gender quota in the army
ജെഎജി (Judge Advocate General) എൻട്രി സ്കീം തസ്തികയിൽ നിയമനം ആവശ്യപ്പെട്ട് രണ്ട് വനിതകൾ സമർപ്പിച്ച റിറ്റ് ഹർജികളാണ് പരിഗണനയിൽ ഉണ്ടായത്. ഹർജിക്കാരിൽ ഒരാളെ ജെഎജി വിഭാഗത്തിൽ നിയമിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഏകപക്ഷീയമായ സംവരണം പോലുള്ള നടപടികൾ ഒരു രാജ്യത്തിനും സുരക്ഷിതമല്ലെന്നും, സ്ത്രീ–പുരുഷ തുല്യത ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ, റിക്രൂട്ട്മെന്റിൽ എല്ലാ സ്ഥാനാർത്ഥികൾക്കും സംയോജിത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കണമെന്നും, ലിംഗഭേദമില്ലാതെ ഏറ്റവും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച്, “പുരുഷന്മാർക്ക് ആറു സീറ്റും സ്ത്രീകൾക്ക് മൂന്ന് സീറ്റും എന്ന ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാകില്ല. ഇത് സമത്വത്തിനുള്ള അവകാശത്തെ ലംഘിക്കുന്നു,” എന്നു വ്യക്തമാക്കി.
എന്നിരുന്നാലും, രണ്ടാം ഹർജിക്കാരിക്ക് കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചില്ല. 2023ലെ നിയമങ്ങളും ലിംഗനിഷ്പക്ഷതയുടെ താത്പര്യങ്ങളും പാലിച്ച് കേന്ദ്രം നിയമനം നടത്തണം എന്നും കോടതി വ്യക്തമാക്കി.