
ന്യൂഡൽഹി:പത്താം ക്ലാസ്സിനും പ്ലസ്ടു വിദ്യാർത്ഥികൾക്കും 2026ലെ ബോർഡ് പരീക്ഷ എഴുതാൻ കുറഞ്ഞത് 75% ഹാജർ നിർബന്ധമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, ദേശീയ–അന്തർദേശീയ കായിക മത്സരങ്ങൾ തുടങ്ങിയവയ്ക്കായി രേഖകളും വിശദീകരണവും സഹിതം അപേക്ഷിച്ചാൽ 25% വരെ ഇളവ് ലഭിക്കാനാകും.75% attendance is mandatory for CBSE exams
പുതിയ മാർഗ്ഗനിർദേശത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് സിബിഎസ്ഇ സ്കൂളുകളിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തും. ആരോഗ്യപ്രശ്നങ്ങളോ മറ്റേതെങ്കിലും തിയ്യതികൾക്കായുള്ള അവധിയ്ക്കായി വിദ്യാർത്ഥികൾ സ്കൂളിൽ മുൻകൂർ അപേക്ഷ നൽകണം. രേഖകളില്ലാത്ത അവധി അനധികൃതമായി കണക്കാക്കും. തുടര്‍ന്നുള്ള നടപടിയായി, ഇത്തരം വിദ്യാർത്ഥികളെ “നോൺ അറ്റൻഡിങ്” അല്ലെങ്കിൽ “ഡമ്മി കാൻഡിഡേറ്റ്” എന്ന് തിരിച്ചറിയും.
ഹാജർ സംബന്ധിച്ച കൃത്യത ഉറപ്പാക്കുന്നതിന് സ്കൂൾ അധികൃതർ ദിവസേന ഹാജർ രജിസ്റ്റർ പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്കൂൾ ഹെഡ് അദ്ധ്യാപകനും ഒപ്പുവെയ്ക്കുകയും വേണം. സ്ഥിരമായി ഹാജറില്ലാത്ത കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് അറിയിക്കണമെന്നും സിബിഎസ്ഇ നിർദ്ദേശിച്ചു.
പരീക്ഷ എഴുതാനുള്ള അർഹതയെന്നതിൽ മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിനും സ്ഥിരമായ ഹാജർ നിർണ്ണായകമാണെന്ന് ബോർഡ് വ്യക്തമാക്കി. ഹാജർ രേഖകളിൽ അപാകതയുണ്ടായാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതിനുള്പ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നൽകി.