
ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിലുള്ള വിമാനത്താവളങ്ങളിലെ സുരക്ഷ കര്‍ശനമാക്കി. 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയതെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) അറിയിച്ചു.Terrorist attack threat: High alert at airports
2025 ഓഗസ്റ്റ് 4നാണ് BCAS ഈ സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും, എയര്‍ സ്ട്രിപ്പുകള്‍ക്കും, ഹെലിപാഡുകള്‍ക്കും, ഫ്ളൈയിംഗ് സ്കൂളുകള്‍ക്കും, പരിശീലന കേന്ദ്രങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം ബാധകമാണ്. വ്യോമയാന സ്ഥാപനങ്ങളിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കണമെന്ന് നിര്‍ദേശത്തിലുണ്ട്.
പാകിസ്താനിലെ ചില ഭീകരസംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനമായ വിവരങ്ങള്‍ ലഭിച്ചത്. സാമൂഹികവിരുദ്ധരുടെ ഭാഗത്തുനിന്നോ ഭീകരസംഘടനകളുടെ ഭാഗത്തുനിന്നോ ആക്രമണ സാധ്യതയുണ്ടെന്നതാണ് പ്രധാന ആശങ്ക.
സുരക്ഷാ നടപടികൾ ഉൾപ്പെടെ നിർദേശങ്ങൾ:
- എല്ലാ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കർശനമായി പരിശോധിക്കണം.
- സിസിടിവി സംവിധാനങ്ങൾ എല്ലായ്പ്പോഴും പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കണം.
- അന്താരാഷ്ട്ര വിമാനക്കമ്പനികളടക്കം, ആഭ്യന്തര വിമാന കമ്പനികള്‍ക്കും ഈ ജാഗ്രത നിര്‍ദേശങ്ങള്‍ ബാധകമാണ്.
- കാര്‍ഗോ, തപാല്‍, വാണിജ്യ ബാക്കേജ് തുടങ്ങിയവ കയറ്റുന്നതിനുമുന്‍പ് കർശനമായ സുരക്ഷാ പരിശോധന നടത്തണം.
- സംസ്ഥാന പൊലീസ്, സിഐഎസ്എഫ്, ഐബി തുടങ്ങിയ ഏജന്‍സികളുമായി സഹകരണം ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.
- ഏത് തരത്തിലുമുള്ള സുരക്ഷാ വിവരങ്ങളും മറ്റു വകുപ്പുകളുമായി ഉടനടി പങ്കുവെക്കണം.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും, എയര്‍ഫോഴ്സ് സ്റ്റേഷനുകളിലും, എയര്‍ഫീല്‍ഡുകളിലും നിരീക്ഷണവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.