
ഡല്‍ഹി: പ്രധാന മരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാരസറ്റാമോള്‍, അമോക്സിലിന്‍, മെറ്റ്ഫോര്‍മിന്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകള്‍ക്കാണ് വില കുറയുന്നത്. ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിബയോട്ടിക് ഗണത്തില്പ്പെടുന്നവയും ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) വില കുറച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.Central government reduces prices of 37 medicines
വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള ഫിക്സഡ്-ഡോസ് കോംബിനേഷന്‍ മരുന്നുകളും കുറവു വിലക്ക് പരിഗണിച്ചവയില്‍ പെടുന്നു. ശനിയാഴ്ചയാണ് പുതിയ വില സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.
അസെക്ലോഫെനാക്, ട്രിപ്സിന്‍ കൈമോട്രിപ്സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫ്ലോസിന്‍, സിറ്റാഗ്ലിപ്റ്റിന്, കുട്ടികള്‍ക്ക് നല്കുന്ന തുള്ളിമരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവയും പുതുക്കിയ നിരക്കിന്റെ ഭാഗമാണ്.
മുന്‍വര്‍ഷത്തെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയാണ് വിലകുറവ് തീരുമാനിച്ചതെന്ന് എൻപിപിഎ അറിയിച്ചു. പുതിയ നിരക്കുകള്‍ ജിഎസ്ടി ഒഴികെയുള്ളവയാണെന്നും, ചില്ലറ വ്യാപാരികളും ഡീലര്‍മാരും പുതുക്കിയ വിലപട്ടികകള്‍ ദൃശ്യമായ വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.