
മുംബൈ: നഗരത്തിലെ പൊതു സ്ഥലത്ത് പ്രാവുകൾക്ക് ധാന്യം വിതറിയത് നിയമവിരുദ്ധം ആകുന്നതിന് ശേഷം, ഇതിനെതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു. മാഹിം പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.Case filed against those who fed pigeons in public places
ഹിന്ദുജ ആശുപത്രിക്ക് സമീപമുള്ള എൽ.ജെ റോഡിലെ കബൂതർഖാന മേഖലയിൽ പുലർച്ചെ 6:50 ഓടെ ഒരുവിചിത്രമായ സംഭവം നടന്നു. ഒരു ഇരുചക്രവാഹനത്തിൽ എത്തിയ ആളുകൾ പ്രാവുകൾക്കായി ധാന്യം വിതറുകയായിരുന്നു. എന്നാൽ വാഹനം തിരിച്ചറിയാൻ കഴിയാത്തതിനാൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രാവുകളുടെ വലിയ തോതിലുള്ള കൂട്ടംചേരൽ ശ്വാസകോശ രോഗങ്ങൾക്കും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന സാഹചര്യങ്ങൾക്കും ഇടയാക്കുന്നുവെന്ന് നേരത്തെ തന്നെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബോംബെ ഹൈക്കോടതി ജൂലൈ 31ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് (BMC) ഈ വിഷയത്തിൽ കര്‍ശന നടപടി സ്വീകരിക്കാനും കുറ്റകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിരുന്നു.
കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് നടപടി ആരംഭിച്ചെങ്കിലും മൃഗസംരക്ഷണ പ്രവർത്തകർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസക്തമായ നിയമങ്ങൾ മാനിച്ചുള്ള നിലപാടുകൾ ആവശ്യമുണ്ടെന്നും, അതോടൊപ്പം മൃഗങ്ങളോടുള്ള മാനവികതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമാണ് അവരുടെ ആവശ്യം.