
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന രണ്ട് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയുടെ നേതൃത്വത്തിലായിരുന്നു കോടതി വിധി. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകുമെന്നാണ് അറിയുന്നത്.Nuns arrested in Chhattisgarh granted bail
ജാമ്യത്തിനുള്ള അപേക്ഷക്കെതിരായി പ്രോസിക്യൂഷൻ കോടതിയിൽ വാദമുന്നയിച്ചിരുന്നെങ്കിലും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. അതേസമയം, പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾക്കെതിരെയും പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചില്ല.
ഛത്തീസ്ഗഢ് മുൻ അഡീഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരായത്. ജാമ്യത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഉറപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച, തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരിയും ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനിടെ ആണ് അറസ്റ്റ് നടന്നത് എന്നാണ് വിവരം. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമെന്നാരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം നടത്തിയത് തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.