
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന ബിജെപി സർക്കാർ ഒടുവിൽ വഴങ്ങി. സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ദുർഗ് ജയിലിൽ സന്ദർശിക്കാൻ എൽഡിഎഫ് പ്രതിനിധി സംഘത്തിന് അനുമതി നൽകി. നിലവിൽ എംപിമാരും നേതാക്കളുമടങ്ങുന്ന പ്രതിനിധി സംഘം ജയിലിൽ എത്തിയിട്ടുണ്ട്.Nun custody controversy: LDF delegation granted permission to visit prison
ബൃന്ദാ കാരാട്ട് എംപി നേതൃത്വത്തിലുള്ള ആറംഗ സംഘത്തിൽ ആനി രാജ്, കെ. രാധാകൃഷ്ണൻ എംപി, എ. എ. റഹീം എംപി, ജോസ് കെ. മാണി എംപി, പി. പി. സുനീർ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇന്നലെ വൈകിട്ട് കന്യാസ്ത്രീകളെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞതാണെന്നതായിരുന്നു അതിന് നൽകിയ വിശദീകരണം.
പ്രതിനിധി സംഘം റായ്പൂരിലെ വിശ്വദീപ് സീനിയർ സെക്കൻഡറി കോൺവെന്റ് സന്ദർശിച്ച് ആർച്ച് ബിഷപ്പിനെയും കണ്ടു .ഇന്നു തന്നെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തും.
അതേസമയം, സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. പുതിയ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കോടതി നടപടികളുമായി ചേർന്ന് രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാകുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ മൂല്യങ്ങൾ നിലനിൽക്കുന്നതിന് നേരെയുള്ള ഭീഷണിയാണെന്ന് സിപിഐ എം നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ബിജെപി-ആർഎസ്എസ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്.