ജയ്പൂർ:രാജസ്ഥാനിലെ ഝലാവർ ജില്ലയിൽ പിപ്ലോദി ഗ്രാമത്തിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറ് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ 60-ലധികം കുട്ടികളും അധ്യാപകരുമുണ്ടായിരുന്നു.Six children die in Rajasthan school building collapse
കെട്ടിടം തകർന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ ഉടൻ ഓടിയെത്തി കട്ടകളും പാളികളും മാറ്റി കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സമീപത്തുള്ള മനോഹർതാന സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ നില അതീവ ഗുരുതരമാണ്.
സ്കൂളിന്റെ മേൽക്കൂര തകർന്നുവീണതോടെ ഒറ്റനില കെട്ടിടം മുഴുവനായും നിലംപൊത്തി. എട്ടാം ക്ലാസുവരെ പഠനമുണ്ടായിരുന്ന സ്കൂൾ കെട്ടിടം തകർന്ന നിലയിൽ ഉണ്ടായിരുന്നുവെന്നും ഇതേക്കുറിച്ച് കുറേ തവണ അധികൃതരെ വിവരം അറിയിച്ചിരുന്നതായും സ്കൂൾ അധികൃതരും നാട്ടുകാരും പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറും പ്രതികരിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മരിച്ച കുട്ടികളുടെ കുടുംബങ്ങളോടുള്ള അനുശോചനം പ്രധാനമന്ത്രി ട്വിറ്ററിൽ (X) പങ്കുവെച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
