
ചെന്നൈ: തമിഴ്നാട്ടിൽ നിയമവിരുദ്ധമായ വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടക്കുകയാണെന്നും, അതിന് സംസ്ഥാന സർക്കാരുമായി ബന്ധമുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ഡിഎംകെ സർക്കാർ ആവിഷ്ക്കരിച്ച ഔദ്യോഗിക പ്രസ്താവനയിൽ പോലും ഇത്തരം സംഭവങ്ങൾ നിലനില്പുണ്ടെന്ന് അംഗീകരിച്ചിട്ടുണ്ടെന്നും പളനിസ്വാമി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി.Kidney racket in Tamil Nadu; Palaniswami makes serious allegations
ട്രിച്ചിയിലെ മണച്ചല്ലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡിഎംകെ എംഎൽഎ എസ്. കതിരവനുമായി ബന്ധമുള്ള ആശുപത്രിയിലാണ് വൃക്ക റാക്കറ്റിലെ കണക്ഷൻ ഉള്ളത് എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. നാമക്കൽ ജില്ലയിലെയും പെരമ്പലൂരിലെ ധനലക്ഷ്മി ശ്രീനിവാസൻ ആശുപത്രിയിലെയും ട്രിച്ചിയിലെ സിത്താർ ആശുപത്രിയിലെയും അനധികൃത അവയവ മാറ്റിവെപ്പുകൾ സംബന്ധിച്ചും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചു.
ഇതിനൊപ്പം, വൈദ്യസംരംഭങ്ങളിൽ സർക്കാർ നിയന്ത്രണം പാളുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം എന്നും, ഇത് ജനങ്ങളുടെ ആരോഗ്യമേഖലയിൽ എങ്ങനെയൊക്കെ അപകടം സൃഷ്ടിക്കാനാണ് സാധ്യതയെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.
“നിങ്ങൾ ഇത്തരം വ്യക്തികളെ തെരഞ്ഞെടുക്കുകയാണെങ്കിൽ, അവർ സർക്കാർ സംവിധാനങ്ങൾ വഴി ശരീരത്തിലെ അവയവങ്ങൾ വരെ എടുത്ത് കൊണ്ട് പോകും,” എന്നായിരുന്നു പളനിസ്വാമിയുടെ രൂക്ഷ വിമർശനം. “നാം ഭരണത്തിലിരുന്നപ്പോൾ 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ തുറന്നു. എന്നാൽ ഇപ്പോൾ, ആശുപത്രികളിൽ നിന്നാണ് ആളുകൾക്ക് അവയവങ്ങൾ നഷ്ടമാകുന്നത്,” എന്നായിരുന്നു ആക്ഷേപം.
വിവാദങ്ങൾക്കിടെ, ആരോപണവിധേയമായ രണ്ട് ആശുപത്രികളിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നൽകിയ ലൈസൻസ് സംസ്ഥാന സർക്കാർ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥൻ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് ഈ നടപടി.
ഡിഎംകെ നേതൃത്വത്തിലുളള വ്യക്തികൾ ഇതിലുണ്ടെന്ന ആരോപണവുമായി എഐഎഡിഎംകെ വക്താവ് കോവൈ സത്യനും രംഗത്തെത്തിയിട്ടുണ്ട്. “ഇത് ആരോഗ്യ മേഖലയെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പരാജയം തെളിയിക്കുന്നതാണ്,” എന്നും അദ്ദേഹം വിമർശിച്ചു.