ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ, അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുപ്പ് ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയെയും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ്റെയും സമീപിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടത്തി.Impeachment proceedings initiated against Judge Yashwant Verma
ജഡ്ജിക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിയമപ്രകാരം ഒരു സ്റ്റാറ്റ്യൂട്ടറി സമിതി രൂപീകരിക്കുന്നതിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി, ഹൈക്കോടതിയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസ്, നിയമ മേഖലയിലെ ഒരു പ്രഗത്ഭന്‍ എന്നീ മൂന്നുപേരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. മൂന്ന് മാസത്തിനുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് കമ്മിറ്റി കണ്ടെത്തിയാൽ,റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പിന്നീട് ഇരുസഭകളിലും ചര്‍ച്ചയ്ക്ക് ശേഷം, അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഇംപീച്ച്മെന്റ് പ്രമേയം വോട്ടെടുപ്പിന് വിധേയമാകും.
