ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാരാവുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. ധൻകറിന്റെ രാജിയെച്ചൊല്ലി വൈവിധ്യമാർന്ന അഭ്യൂഹങ്ങളാണ് നിറയുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ കുതിപ്പിനായി കൃത്യമായി ആസൂത്രണം ചെയ്ത നീക്കമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതിപക്ഷ സഖ്യത്തെയും, പ്രത്യേകിച്ച് കോൺഗ്രസിനെയും ദുർബലപ്പെടുത്താനുള്ള ‘സർജിക്കല്‍ സ്ട്രൈക്ക്’ ആകാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.Shashi Tharoor for the post of Vice President?
ഇതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേരാണ് ഏറ്റവും കൂടുതൽ ചർച്ചയിലിരിക്കുന്നതെന്ന് സൂചന. അടുത്ത ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ നിയോഗിക്കാനുള്ള സാധ്യത കണക്കില്‍ പെടുത്താം എന്നതാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ കുറേകാലമായി തരൂർ കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി അകൽച്ച നിലനിറുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും അദ്ദേഹം തുറന്നു പുകഴ്ത്തിയിട്ടുണ്ട്. ഇതു തന്നെ അദ്ദേഹത്തിനെതിരെ കോൺഗ്രസ് അകത്ത് വലിയ വിമർശനം ഉയരാൻ ഇടയാക്കി. മോഡിയുടെ ചാരനെന്ന ഗുരുതര ആരോപണം പോലും പാർട്ടി നേതാക്കളിൽ നിന്ന് വരികയുണ്ടായി.
തരൂരിന് പുറമെ മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ പരിചിതനായതും കോൺഗ്രസിൽ നിന്നും അകന്ന് നിൽക്കുന്നുവെന്നതിനാലും തരൂരിന് മുൻതൂക്കം ഉണ്ടാകാമെന്നാണു സൂചന.
ഇതുവരെ ധൻകറിന്റെ രാജിയുടെ പിറകിൽ ഉള്ള യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ജസ്റ്റിസ് യശ്വന്ത് വർമയെതിരായ കുറ്റവിചാരണ പ്രമേയം രാജ്യസഭയിൽ സ്വീകരിച്ചതിനെതുടർന്നുള്ള ധൻകറിനും കേന്ദ്ര സർക്കാരിനും ഇടയിലുണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോർട്ട്.
ആകെയുള്ള സ്ഥിതിഗതികളിൽ, ശശി തരൂരിനെ ഉപരാഷ്ട്രപതിയായി എത്തിക്കാനുള്ള നീക്കം ബിജെപി നടപ്പാക്കാൻ സാധ്യതയുള്ളതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത് ഒരു വെടിക്കെട്ട് തുല്യമായ രാഷ്ട്രീയ നീക്കമാകും. തരൂരിന്റെ മാതൃകാപരമായ പ്രൊഫൈൽ രാജ്യാന്തര തലത്തിലും ബിജെപിക്ക് ഗുണകരമായാൽ അത് മുഖ്യ പാർട്ടികൾക്കിടയിലെ നിലപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
