ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. അതിവേഗത്തിലായുള്ള ആളില്ലാ വ്യോമലക്ഷ്യങ്ങളെ ത്വരിതമായി പ്രഹരിക്കാൻ കഴിയുന്ന ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലാണ് അസ്ത്ര.DRDO says Astra missile test successful
ഒഡീഷയിലെ ചാന്ദിപ്പൂർ തീരത്ത് നടന്ന പരീക്ഷണത്തിൽ, അസ്ത്ര മിസൈൽ ഉയർന്ന കൃത്യതയോടെ ലക്ഷ്യത്തെ തകർത്തതായി ഡിആർഡിഒ വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ സഹകരണത്തോടെയായിരുന്നു പരീക്ഷണം. സുഹോയ് –30 എംകെ–1 വിമാനത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
100 കിലോമീറ്ററിൽ അധികം ദൂരത്തിലെ വ്യോമലക്ഷ്യങ്ങളെ തകർക്കാനുള്ള ശേഷിയുള്ള അസ്ത്ര, തദ്ദേശീയമായി വികസിപ്പിച്ച ആർ.എഫ്. സീക്കർ, മാർഗ്ഗനിർദ്ദേശ സംവിധാനങ്ങൾ, നാവിഗേഷൻ ടെക്നോളജി എന്നിവയുമാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ വ്യോമ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ മിസൈൽ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഡിആർഡിഒയ്ക്ക് പുറമെ, ഇന്ത്യൻ വ്യോമസേന, എയറോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസി (എ.ഡി.എ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ), സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, ടെസ്റ്റ് റേഞ്ച് ടീം തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്തസഹകരണത്തോടെയായിരുന്നു പരീക്ഷണം.
വിജയകരമായ ദൗത്യത്തിനായി ചേർന്ന എല്ലാ സംഘങ്ങളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു. നിലവിൽ തന്നെ അസ്ത്ര മിസൈൽ ഇന്ത്യൻ വ്യോമസേനയുടെ ശസ്ത്രസജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
