മുംബൈ: പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമില്ലെന്ന് ബോളിവുഡ് താരവും ലോക്സഭാംഗവുമായ കങ്കണ റണൗത്ത്. അതിനുള്ള കഴിവ് തനിക്കില്ലെന്നും, രാഷ്ട്രീയ ജീവിതം താൻ ആസ്വദിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായ കങ്കണ, ആത്മൻ ഇൻ രവി (AIR) യൂട്യൂബ് പോഡ്കാസ്റ്റിലാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.Kangana says she will not become Prime Minister
“രാഷ്ട്രീയ പ്രവർത്തനം എനിക്കിഷ്ടമാണെന്ന് ഒരിക്കലും പറയില്ല. ഇത് മറ്റൊരു ലോകമാണ് – സാമൂഹ്യസേവനമൊക്കെ പോലെ. എന്റെ പശ്ചാത്തലം അങ്ങനെയല്ല. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്, എന്നാൽ അതെല്ലാം വേറിട്ടതായാണ് ഞാൻ കാണുന്നത്,” കങ്കണ പറഞ്ഞു.
ജനങ്ങൾ ഏറ്റവും ചെറിയ പ്രശ്നങ്ങൾക്കുമായി വരാറുണ്ടെന്നും, തന്റെ സ്ഥാനത്തിന്റെ പരിധി അതിനുള്ളതല്ലെന്ന തിരിച്ചറിവ് രാഷ്ട്രീയജീവിതത്തിൽക്കുറിച്ച് വ്യക്തമായതാണെന്നും കങ്കണ വ്യക്തമാക്കി.
ചിലർ ഓട പൊട്ടി എന്നറിയിക്കാനാണ് വരുന്നത്. ഞാൻ എംപിയായതുകൊണ്ട്, പഞ്ചായത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പരിധിയിൽ വരുന്ന കാര്യങ്ങൾക്കായാണ് ആളുകൾ എനിക്ക് മുന്നിലെത്തുന്നത്. അവർക്ക് രാഷ്ട്രീയ ഘടനയെക്കുറിച്ച് വലിയ ധാരണയില്ല. ചിലപ്പോൾ പറയുന്നു, ‘നിങ്ങൾക്ക് പണമുണ്ടല്ലോ, നിങ്ങളുടെ പണം ചെലവാക്കൂ’ എന്ന്,” കങ്കണ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ താല്പര്യമുണ്ടോ എന്ന ചോദ്യം വന്നപ്പോൾ, അതിനായി വേണ്ട കഴിവ് തനിക്കില്ലെന്ന് കങ്കണ തുറന്നു പറഞ്ഞു.
ഞാൻ വളരെ സ്വാർത്ഥമായ ജീവിതം നയിച്ച ഒരാളാണ്. ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് അതിൽനിന്ന് വളരെ വ്യത്യസ്തമായ മനോഭാവവും ശേഷിയുമാണ് ആവശ്യമായത്, താരം പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളിൽ സ്ഥിരമായി തന്റേതായ നിലപാടുകൾ പ്രഖ്യാപിച്ചുവരുന്ന കങ്കണ, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ഇപ്പോൾ, ആ രാഷ്ട്രീയ ജീവിതം തന്നെ ആസ്വദിക്കാത്തതായും അവർ തുറന്നു പറയുന്നു.
