തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി 2025 ജൂലൈ 9-ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായി പാലിക്കപ്പെടാനാണ് സാധ്യത. തൊഴിലാളി വിരുദ്ധവും കർഷകവിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കിന് ഒരുങ്ങുന്നത്.July 9 National Strike: Support for the strike in Kerala
ജൂലൈ 8-ന് അർധരാത്രിയിൽ ആരംഭിച്ചു 9-ന് അർധരാത്രി വരെ നീളുന്ന 24 മണിക്കൂർ പണിമുടക്കിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്, യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി.എസ്, കെ.ടി.യു.സി.എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്.എം.കെ.പി തുടങ്ങിയ പ്രമുഖ യൂണിയനുകൾ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകൾ എല്ലാം തന്നെ പണിമുടക്കിൽ പങ്കുചേരുന്നതായതിനാൽ പൊതുജനജീവിതം വലിയ തോതിൽ സ്തംഭിക്കാനാണ് സാധ്യത. അവശ്യ സേവനങ്ങൾ, പാൽ വിതരണവും പത്രവിതരണവും മാത്രമാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. ബസ്, ഓട്ടോ, ടാക്സി സർവീസ്, കടകൾ എന്നിവ പണിമുടക്കിലൂടെ സാരമായി ബാധിക്കപ്പെടും. സർക്കാർ ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം വ്യാപകമായി തടസ്സപ്പെടും.
സമര സമിതി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ചിലത്:
- എല്ലാ അസംഘടിത, കരാർ, സ്കീം തൊഴിലാളികൾക്കും പ്രതിമാസം ₹26,000 രൂപ വേതനം ഉറപ്പാക്കുക
- സ്കീം തൊഴിലാളികളെ നിയമപരമായി തൊഴിലാളികളായി അംഗീകരിക്കുക
- തൊഴിലാളികൾക്ക് നേരെയുള്ള നിയമപരിഷ്കാരങ്ങൾ പിൻവലിക്കുക
- തൊഴിലിടങ്ങളിൽ സുരക്ഷ, ശുചിത്വം, ശിശുസംരക്ഷണം, വിശ്രമ സൗകര്യം തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുക
500 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് സുരക്ഷാ ഓഫീസർ ആവശ്യമില്ല, 250 ൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് ക്ഷേമ ഓഫീസർ ആവശ്യമില്ല, 100 ൽ താഴെ കാന്റീൻ നിർബന്ധമല്ല, 50 സ്ത്രീ തൊഴിലാളികളിൽ താഴെയായാൽ ശിശുസംരക്ഷണാലയം വേണ്ട എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ നിയമഭേദഗതികൾ തൊഴിലാളി അവകാശങ്ങളെ അപമാനിക്കുന്നതാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
പണിമുടക്കിന്റെ വിജയത്തിനായി വ്യാപാര-വ്യവസായ മേഖലകളും പൊതുജനവും സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു.
