ഫിറോസ്പുര്‍ (പഞ്ചാബ്): രാജ്യത്തിന്റെ പ്രതിരോധ ചരിത്രവുമായി ബന്ധമുള്ള എയര്‍ സ്ട്രിപ്പ് വഞ്ചനയിലൂടെ കൈമാറിയ സംഭവത്തില്‍ 28 വര്‍ഷത്തിന് ശേഷം അമ്മയ്ക്കും മകനുമെതിരേ പോലീസ് കേസ് എടുത്തു. പ്രശസ്ത വ്യവസായി ഉഷ അന്സലിന്റെയും മകന് നവീന്‍ ചന്ദിന്റെയും പേരിലാണ് കുല്ഗര്ഹ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാകിസ്താന് അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫറ്റുവാല ഗ്രാമത്തിലാണ് വിവാദഭൂമി.Sale of airstrip used by the Air Force: Case filed against mother and son
1997-ല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖകള്‍ തയ്യാറാക്കി എയര്‍ സ്ട്രിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതായാണ് പരാതി. സംഭവത്തില്‍ ആള്‍മാറാട്ടം, വ്യാജരേഖചമയ്ക്കല്‍, വ്യാജരേഖ ഉപയോഗം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനാണ് ഇവരെക്കുറിച്ചുള്ള പരാതി ആദ്യം വിജിലൻസിനെ അറിയിക്കുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായി. പിന്നീട് 2021-ല്‍ ഇവർക്കെതിരെ വീണ്ടും പരാതി എത്തി. ഹല്‍വാര വ്യോമസേനാ സ്റ്റേഷന് കമാന്‍ഡന്റും ഫിറോസ്പുര്‍ ഡെപ്യൂട്ടി കമ്മീഷണറും അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.
1962, 1965, 1971 എന്നിവയില്‍ നടന്ന യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചിരുന്ന അതീവ പ്രധാനപ്പെട്ട ഈ എയര്‍ സ്ട്രിപ്പ് നികത്തിയാണ് വ്യാജരേഖകള്‍ വഴി കൈമാറ്റം നടന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ റവന്യൂ രേഖകളില്‍ ഭൂമി ഇപ്പോഴും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്ന് സ്ഥിരീകരിച്ചു. 2025 മെയ് മാസം, പഞ്ചാബ് ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രതിരോധ മന്ത്രാലയത്തിന്റേതാണെന്ന് വ്യക്തമാക്കിയ ഉത്തരവാണ് പുറപ്പെടുവിച്ചത്.
