ന്യൂഡൽഹി: നിരവധി വർഷങ്ങൾക്കു ശേഷം ആദ്യമായി ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് . 2025 ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.Indian Railways passenger train ticket prices increase
എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 1 പൈസയും എസി ക്ലാസുകളിലെ നിരക്ക് കിലോമീറ്ററിന് 2 പൈസയുമാണ് വർധിക്കുക. എന്നാൽ 500 കിലോമീറ്റർ വരെ ദൂരമുളള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് മാറ്റമില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരങ്ങളിലായിരിക്കും കിലോമീറ്ററിന് അർദ്ധപൈസ വർധിപ്പിക്കപ്പെടുന്നത്. പ്രതിമാസ സീസൺ ടിക്കറ്റുകൾക്കും ഈ വർധന ബാധകമല്ല.
അതേസമയം, തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. 2025 ജൂലൈ 1 മുതൽ തത്കാൽ സ്കീമിൽ ഉള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ IRCTC വെബ്സൈറ്റിൽ ആധാർ അംഗീകൃത അക്കൗണ്ടുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ജൂലൈ 15 മുതൽ തത്കാൽ ബുക്കിംഗിനിടെ യാത്രക്കാരുടെ ആധാർ ഒടിപി (OTP) വെരിഫിക്കേഷൻ കൂടി നിർബന്ധമാവും.
തത്കാൽ ടിക്കറ്റുകൾ ഏജന്റുമാർ ബുക്ക് ചെയ്യുന്നതിന് ആദ്യ 30 മിനിറ്റ് വിലക്ക് തുടരും. ആധാർ നിർബന്ധമാക്കുന്നത് തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ യഥാർത്ഥ യാത്രക്കാർക്ക് തന്നെ ലഭ്യമാക്കാനാണെന്നാണ് അധികൃതരുടെ വിശദീകരണം.
