
ന്യൂഡല്‍ഹി: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. വിമാനത്താവളത്തിൽ കുട്ടികളെ വരവേൽക്കാൻ കാത്തുനിന്നിരുന്ന മാതാപിതാക്കൾക്ക് അത്രയും ആശ്വാസകരമായ അനുഭവമായിരുന്നു ഈ നിമിഷങ്ങൾ. ജമ്മു കശ്മീരിൽ നിന്നുള്ള 90 പേരും വിമാനത്തിലുണ്ടായിരുന്നു.110 students from Iran arrive safely in India
ഇറാനിലെ അപകടസാധ്യതയേറിയ സാഹചര്യത്തിൽ സർക്കാർ നടത്തിയ ഏകോപിത ശ്രമത്തിന്റെ ഭാഗമായി ഈ വിദ്യാര്‍ഥികളെ ആദ്യം അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. കുടുംബത്തെ കണ്ടതില്‍ വിദ്യാര്‍ഥികളെല്ലാം വലിയ സന്തോഷമാണ് പങ്കിട്ടത്. “കുടുംബത്തെ വീണ്ടും കാണാനായത് വലിയ ആശ്വാസമാണ്. ആഹ്ലാദം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഇറാനിലെ സ്ഥിതി ഇപ്പോൾ അത്യന്തം വഷളാണ്. അവിടെയുള്ളവരും നമ്മളെ പോലുള്ളവരാണ്. അവിടെ പലരും വലിയ കഷ്ടങ്ങൾ അനുഭവിക്കുന്നു. യുദ്ധം ഒരിക്കലും നല്ലതല്ല, അത് മനുഷ്യത്വത്തെ കൊല്ലുന്നു, ” എന്ന് വിദ്യാര്ഥികളിലൊരായ അമാന്‍ അസര്‍ പറഞ്ഞു.
ഇന്ത്യൻ സർക്കാരിന്റെ സമയോചിതമായ ഇടപെടലിന് വിദ്യാർത്ഥികളും രക്ഷിതാക്കളും നന്ദി അറിയിച്ചു. ടെഹ്റാനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മറ്റ് വിദ്യാര്‍ഥികളെ കൂടി രക്ഷപ്പെടുത്താൻ നടപടിയെടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഇറാന് വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യ കര അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താന്, അസര്ബൈജാന്, തുര്ക്ക്മെനിസ്താന് എന്നിവയുമായി ബന്ധപ്പെട്ട അതിര്‍ത്തികളിലൂടെ പൗരന്മാരെ പുറത്തേക്കു കൊണ്ടുവരാനുള്ള വഴികളാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ഇറാനില്‍ നിലവില്‍ ഏകദേശം 4000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസത്തിനായാണ് അവിടെ താമസിക്കുന്നത്. കുടുങ്ങികിടക്കുന്നവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ ഇറാന് ഭരണകൂടത്തോടൊപ്പം തുടരുന്നു.