ടെഹ്റാൻ: ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണത്തിൽ ഇറാനിയൻ യുവ കവയത്രി പർണിയ അബ്ബാസിയും കുടുംബാംഗങ്ങളുമടക്കം കൊല്ലപ്പെട്ടു. ടെഹ്റാനിൽ വച്ച് നടന്ന മിസൈല്‍ ആക്രമണത്തില്‍ പർണിയയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരും കൊല്ലപ്പെട്ടു. പർണിയയുടെ 24-ാമത് പിറന്നാളിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദുരന്തം.Israeli attack in Tehran: Several people including a young poetess were killed
കാസ്വിൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിവർത്തനത്തിൽ ബിരുദം നേടിയ പർണിയ അധ്യാപികയുമായും ബാങ്ക് ജീവനക്കാരിയായും ജോലി ചെയ്തു. ഇറാനിലെ പുതുതലമുറാ കവിയത്രികളിൽ ശ്രദ്ധേയയായിരുന്ന പർണിയ, നിയന്ത്രണങ്ങൾ നിറഞ്ഞ ജീവിതത്തെ കുറിച്ച് എഴുതിയ കവിതകൾ വഴിയാണ് ശ്രദ്ധിക്കപ്പെട്ടത്. “നിന്റെ ആകാശത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം, എന്റേതിൽ നിഴലുകളുടെ വേട്ട” എന്നത് അവരുടെ പ്രിയപ്പെട്ട വരികളിലൊന്നാണ്.
ഇസ്രയേലിന്റെ ആക്രമണം രാജ്യത്തിന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തേക്കും വ്യാപിച്ചിരുന്നു. തൽസമയ സംപ്രേഷണത്തിനിടെയാണ് മിസൈൽ ആക്രമണം. ഇസ്രയേൽ ഈ ആസ്ഥാനം സൈനിക ഉപയോഗത്തിനായിരുന്നുവെന്ന് വിശദീകരിച്ചു. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടു. ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
തുടർന്ന്, തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി രംഗത്തെത്തി. എന്നാൽ തുർക്കി നേരിട്ട് ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ അടിയന്തര നടപടികളിലേർപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 പേർ അർമേനിയയിലേക്ക് മാറ്റപ്പെടും. ടെഹ്റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലുണ്ടായ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇറാനിൽ നിന്ന് പൗരന്മാരെ കരാതിർത്തി വഴി അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ. എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ബന്ധം നിലനിർത്താനും, അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, ഏറ്റവും പുതിയ വിവരങ്ങൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും ജൂൺ 15ന് ഇറാനിലെ ഇന്ത്യൻ എംബസി ഒരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെല്ലുവിളി.
ഖമനയിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിലെ വ്യോമാതിർത്തി തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു.
ജിസിസി ഉൾപ്പെടെയുള്ള സംഘടനകൾ വെടിനിർത്തലിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാനെതിരെ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ യുദ്ധം തുടരുമ്പോൾ, ഗൾഫ് മേഖലയിലും അതിരൂക്ഷമായ പ്രകോപന സാധ്യത നിലനിൽക്കുകയാണ്.
