ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാനഡയിലെത്തും. കനാനസ്കിസിലാണു 51-ാമത് ജി7 ഉച്ചകോടി നടക്കുന്നത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി മോദി നിലവിൽ സൈപ്രസിലാണ്. സൈപ്രസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങൾ നിർണായക മേഖലകളിൽ സഹകരിക്കാമെന്നു മോദി ഉറപ്പ് നൽകി.Modi in Canada for G7 summit
കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണ് ഇത് എന്നതുകൊണ്ടും ഇത് പ്രധാനപ്പെട്ടതാണ്. ഉച്ചകോടിയിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി കാണും എന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ-ഇസ്രയേൽ സംഘർഷം ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമായി ഉയരും. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ ഉച്ചകോടിയിൽ ആവർത്തിക്കുമെന്നും സാധ്യതയുണ്ട്. കൂടാതെ, ഊർജസുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കും.
ഉച്ചകോടിക്കു ശേഷം മോദി ക്രൊയേഷ്യ സന്ദർശിക്കും. ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചുമായും കൂടിക്കാഴ്ച നടത്തും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ക്രൊയേഷ്യ സന്ദർശിക്കുന്നതിനാൽ ഈ സന്ദർശനവും ചരിത്രപ്രാധാന്യമുള്ളതാണ്.
