മുംബൈ: രാജ്യത്തെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയിൽ അവകാശികളില്ലാതെ കിടക്കുന്ന വൻതുകയിലുള്ള ആസ്തികൾ ഉടമകളെ കണ്ടെത്തി തിരികെ നൽകണമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. മുംബൈയിൽ നടന്ന ഫിനാൻഷ്യൽ സ്റ്റാബിലിറ്റി ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ (FSDC) യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലുമുള്ള അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനും ഉടമകളിലേക്ക് നിക്ഷേപം തിരിച്ചെത്തിക്കാനും ജില്ലാതല ഔട്ട്റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാൻ ധനമന്ത്രാലയം ആസൂത്രണം ചെയ്യുന്നു. ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലായാണ് ഇപ്പോൾ ₹97,545.12 കോടി രൂപ കിടക്കുന്നത്. 2024 മാർച്ചിൽ ഈ തുക ₹78,213 കോടിയായിരുന്നതിനാൽ ഒരു വർഷത്തിനിടെ 24.71% വർധനവാണ് ഉണ്ടായത്.
ഇതോടൊപ്പം, അവകാശികളില്ലാതെ കിടക്കുന്ന ഓഹരികൾ, ലാഭവിഹിതങ്ങൾ, ഇൻഷുറൻസ് തുക, പെൻഷൻ ഫണ്ടുകൾ എന്നിവയും ഉൾപ്പെടുന്നു. എൻആർഐകൾ, പിഐഒകൾ, ഒസിഐകൾ എന്നിവർക്കുള്ള ആസ്തിവീണ്ടെടുപ്പ് ലളിതമാക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും ധനമന്ത്രി നിർദ്ദേശിച്ചു. സെബി, ആർബിഐ, ഐആർഡിഎഐ, പിഎഫ്ആർഡിഎ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം തുടങ്ങിയവയെ ഒന്നിച്ചു പ്രവർത്തിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
സ്ഥിരതയും ജനസൗഹൃദതയും ഉറപ്പാക്കുന്ന സാമ്പത്തിക സംവിധാനം ഉണ്ടാക്കുന്നതിന്, ഏകീകൃത നാമനിർദ്ദേശ സംവിധാനവും സ്റ്റാൻഡേർഡ് കെവൈസി ചട്ടക്കൂടും അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.
