ജൂലൈ 1 മുതൽ ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഓൺലൈനായി തത്കാൽ റെയിൽവേ ടിക്കറ്റ് ബുക്കിങ് ചെയ്യാൻ കഴിയില്ല. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ജൂലൈ മുതലുള്ള തത്കാൽ ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ലഭ്യമാകൂ.
ഇതിന് പുറമെ, ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റെടുക്കുമ്പോൾ ആധാർ അടിസ്ഥാനമാക്കിയ ഒടിപി (OTP) പരിശോധിക്കൽ പ്രക്രിയയും നിർബന്ധമാകുന്നു. ഓരോ തവണയും ടിക്കറ്റെടുക്കുമ്പോൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലേക്ക് ഒടിപി അയയ്ക്കപ്പെടും, അത് നൽകിയാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്.
നിലവിൽ ഐആർസിടിസി ഉപയോഗിക്കുന്ന നിരവധി യാത്രക്കാരുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. എന്നാല്‍, ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ വഴി ഐആർസിടിസി വെബ്സൈറ്റിലും ആപ്പിലുമുള്ള അക്കൗണ്ടിൽ എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഇത് ഒറ്റത്തവണ ചെയ്താൽ മതിയാകും.
ആധാർ ഇല്ലാത്തവർക്കും, ആധാർ വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറല്ലാത്തവർക്കും ഇനി തത്കാൽ ടിക്കറ്റ് ലഭ്യമാകാതെയാകും.
