ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായിരുന്ന നവജാത ശിശുവിന്റെ മരണത്തെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരായ ക്രൂര മര്‍ദ്ദനം തലസ്ഥാനത്ത് ആരോഗ്യരംഗത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. സംഭവം ജൂണ്‍ 9 ന് ഉച്ചക്ക് 2 മണിയോടെയാണ് ഡല്‍ഹി രോഹിണിയിലെ ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ ഉണ്ടായത്.
ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടറാണ് രോഗിയുടെ സഹായിയായി എത്തിയ അഞ്ച് സ്ത്രീകളില്‍ നിന്ന് ആക്രമണം നേരിട്ടത്. ഒപിഡിയില്‍ നിന്ന് വാര്‍ഡിലേക്കു പോകുന്നതിനിടെയാണ് സ്ത്രീകള്‍ ഡോക്ടറെ ഇടനാഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ വസ്ത്രങ്ങള്‍ കീറുകയും സ്തെസ്കോപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചും കൊലശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രി അധികൃതരും ദൃക്സാക്ഷികളും സ്ഥിരീകരിച്ചിരിക്കുന്ന സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ എല്ലാവര്ക്കും ഉടനടി ജാമ്യം ലഭിച്ചതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായി രംഗത്തെത്തിയത്.
ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന് പ്രതിഷേധമായി ജൂണ്‍ 10-ന് കരിദിനമായി ആചരിക്കുകയും, ഡ്യൂട്ടിയില്‍ വരുന്ന എല്ലാ ഡോക്ടര്‍മാരും കറുത്ത റിബണ്‍ കെട്ടി ജോലി ചെയ്യാനും ആഹ്വാനം ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ഐഎംഎ അറിയിച്ചു.
