ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളുടെ എണ്ണം 6,491 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി, കേരളം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ഇതോടെ പുതിയ തരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം മരണസംഖ്യ 65 ആയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്നുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളം ഇപ്പോഴും രാജ്യത്തെ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ള സംസ്ഥാനമായി തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ 2,053 സജീവ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 80 ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ ഒരാളും കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരല്ല; മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്ന് കൂടി നിർദേശിച്ചു.
