ഗുവാഹത്തി: വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. മരണം 44 ആയി ഉയര്‍ന്നു. വെള്ളപ്പൊക്ക ഭീഷണി ബുധനാഴ്ചയും ഗുരുതരമായി തുടരുകയാണ്. അസമിലെ 21 ജില്ലകളിലായി 6.5 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി അറിയിച്ചു. 1506 ഗ്രാമങ്ങളിലെ 14,739 ഹെക്ടര്‍ കൃഷിയിടങ്ങളെ മഴക്കെടുതി ബാധിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങിലും ജലനിരപ്പ് ഉയര്‍ന്നതായും മറ്റ് പല ഭാഗങ്ങളും വെള്ളത്തിനടിയിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. ബ്രഹ്മപുത്ര ഉൾപ്പെടെ ഏഴ് നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ടതോ കനത്തതോ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഗുവാഹത്തി പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ധുബ്രി, സൗത്ത് സൽമാര-മങ്കാച്ചർ, ഗോൾപാറ, കൊക്രഝർ എന്നിവിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മിസോറാമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര മാറ്റിവയ്ക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതോടൊപ്പം പല പ്രദേശങ്ങളും വെള്ളത്തിനടിയിലുമാണ്. അതേസമയം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സംഘവും സൈനികരും 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനവും സഹായവും നല്‍കുന്നുണ്ട്.മിസോറാമിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ 10 ദിവസത്തിനിടെ 552 ഉരുള്‍പൊട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 152 വീടുകള്‍ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് 300 കുടുംബങ്ങളെ ഒഴിപ്പിച്ചു.
ത്രിപുരയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒട്ടേറെ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 780 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ പരിശോധനകളും മരുന്നുകളും മെഡിക്കല്‍ സംഘം എത്തിക്കുന്നുണ്ട്.സിക്കിമ്മില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. സിക്കിം ഗവര്‍ണര്‍ ഇതു സംബന്ധിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്തു. സിക്കിമില്‍ മെയ് 28 മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് മംഗന്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളെ 2005 ലെ ദുരന്തനിവാരണ നിമയത്തിലെ സെക്ഷന്‍ 22(2)(b) പ്രകാരം ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.മെയ് 30-31 രാത്രിയില്‍ വടക്കന്‍ സിക്കിമില്‍ തുടര്‍ച്ചായി മഴയും മേഘവിസ്ഫോടനവും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും കാരണമായി. പല പ്രധാന റോഡുകളും പാലങ്ങളും തകര്‍ന്നു, ടീസ്ത നദിയില്‍ 35-40 അടി ഉയരത്തില്‍ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. കുടുങ്ങിക്കിടങ്ങുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി എത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്.

അരുണാചല്‍ പ്രദേശില്‍ ആയിരത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 170 വീടുകളും 50 റോഡുകളും രണ്ട് സ്കൂളുകളും 16 വൈദ്യുതി ലൈനുകളും 25 ജലവിതരണ ലൈനുകളും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ, പ്രവര്‍ത്തനങ്ങള്‍, വൈദ്യ സഹായങ്ങള്‍ എന്നിവയ്ക്കായി ഇന്‍സ്പെക്ടര്‍ ജനറല്‍ അസം റൈഫിള്‍ സൗത്ത്, ഇന്‍സ്പെക്ടര്‍ ജനറല്‍ അസം റൈഫിള്‍ ഈസ്റ്റ് എന്നിവര്‍ 10 യൂണിറ്റുകളെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. 2,629 പേരെ രക്ഷപ്പെടുത്തി. 250 പേര്‍ക്ക് വൈദ്യ സഹായവും ഭക്ഷണവും നല്കി.അതേസമയം മഴക്കെടുതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും ഗവര്‍ണറേയും വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.
