ചെന്നൈ: ചെന്നൈയിലെ മൂലക്കോട്ടളം പ്രദേശത്ത് റോട്ട്വീലർ നായ്ക്കളുടെ ആക്രമത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പട്ടിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. മഹേന്ദ്രനെയാണ് അറസ്റ്റ് ചെയ്ത്. മുത്തു എന്ന ഓട്ടോ ഡ്രൈവറെയാണ് നായ്ക്കൾ ആക്രമിച്ചത്. ചെന്നൈയിലെ വാഷർമാൻപേട്ടിന് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ നായകളുടെ ഉടമയായ മഹേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളെ റിമാന്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മക്കി എന്ന പതിനൊന്നു വയസുകാരനാണ് വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി റോഡിലേക്കിറങ്ങിയത്. ഓട്ടോ ഡ്രൈവർ മുത്തുവിനെ നായ്ക്കൾ അക്രമിക്കുന്നതിനിടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഓട്ടോ സ്റ്റാന്റിൽ നിൽക്കുകയായിരുന്ന മുത്തുവിന്റെ നേരെ റോട്ട്വീലർ നായ്ക്കൾ പാഞ്ഞടുക്കുകയും അക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മുത്തുവിന്റെ കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ഇയാളെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11വയസുകാരന്റെ വീട്ടിൽ ധാരാളം റോട്ട്വീലർ നായ്ക്കളെ വളർത്തുന്നുണ്ടെന്നും അവ സംരക്ഷണമില്ലാതെ പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നും ആളുകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ആക്രമണം നടന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ആക്രമിച്ച നായകൾക്ക് വാക്സിനേഷൻ നൽകിയതാണെങ്കിലും അവയെ ചെന്നൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി റോട്ട്വീലറുകളെ സിറ്റി പൗണ്ടിലേക്ക് കൊണ്ടുപോയതായി അധികൃതർ സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറുടെ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്.
