
ഫരീദാബാദ്: പോക്സോ കേസ് പ്രതിയെ അബദ്ധത്തിൽ വിട്ടയച്ച് ഫരീദാബാദ് ജയിൽ അധികൃതര്‍. ഒരേ പേരിലുള്ള രണ്ട് പ്രതികൾ ജയിലിലുണ്ടായിരുന്നു. ഇവരുടെ പിതാവിന്റെ പേരും ഒന്നായിരുന്നു. ഈ തെറ്റിദ്ധാരണയാണ് അധികൃതരെ ആശയക്കുഴപ്പത്തിലാക്കിയത്. രണ്ട് പ്രതികളുടെയും പേര് നിതേഷ് എന്നാണ്.
2021 ഒക്ടോബറിൽ ഫരീദാബാദിലെ സെക്ടർ -58 ൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതിനാണ് 27കാരനായ നിതേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്യുന്നത്. രവീന്ദർ പാണ്ഡെ എന്നയാളുടെ മകനാണ് നിതേഷ്. ജയിലിലുള്ള മറ്റൊരു പ്രതിയുടെ പേരും നിതേഷ് എന്നാണ്. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലാണ് ഞായറാഴ്ച ഇയാൾ ഫരീദാബാദ് ജയിലിലെത്തുന്നത്. ഇയാളുടെ പിതാവിന്റെ പേരും രവീന്ദര്‍ എന്നാണ്. ഈ കേസിൽ നിതേഷിന് തിങ്കളാഴ്ച ഫരീദാബാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. “നടപടിക്രമം അനുസരിച്ച്, നിതേഷ് ജയിലിൽ നിന്നും പുറത്തിറങ്ങേണ്ടതായിരുന്നു. പക്ഷേ, പകരം, ബലാത്സംഗ പ്രതിയായ നിതേഷ് പാണ്ഡെയെ ജയിൽ അധികൃതർ മോചിപ്പിച്ചു, പിന്നീട് അയാളെ കണ്ടതേയില്ല, ” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.