
പാകിസ്താൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . യൂസഫ് പത്താനെയാണ് കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ നീക്കം പാർട്ടി നേതൃസംഘത്തെ അറിയിക്കാതെ നടന്നതായി മമത ബാനർജി ആരോപിച്ചു. പാർട്ടിയോട് ചോദിക്കാതെയുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സർവകക്ഷി പ്രതിനിധ സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയതിൽ വിവാദം തുടരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടയിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് നിർദ്ദേശിക്കാത്ത ശശി തരൂരിനെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതാണ് വിവാദമായത്.എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പട്ടികയിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് സർവകക്ഷി സംഘത്തിന്റെ ഭാഗമാകാൻ അനുമതി നൽകിയ കോൺഗ്രസ് ,ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടയിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ചു.