ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മോഹൻലാൽ ഗഞ്ച് പ്രദേശത്തെ പ്രധാന റോഡായ കിസാൻ പാതയിലായിരുന്നു അപകടം. 80 യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബീഹാറിലെ ബെഗുസാരായിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രജനീഷ് വർമ്മ പറഞ്ഞു.
തീ പിടിച്ചതോടെ ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറങ്ങാൻ സഹായിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ് ഫയര്‍ എഞ്ചിനുകളെത്തി തീ അണക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
