ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി ബുധനാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി, മന്ത്രിക്ക് സഞ്ചരിക്കാനായി ഒരു പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിക്ക് ചുറ്റുമുള്ള സുരക്ഷാ വലയവും വിപുലീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി , മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ സുരക്ഷാ കവചങ്ങളും ഡൽഹി പോലീസ് പുനഃപരിശോധിച്ചുവരികയാണ്.ഞായറാഴ്ച ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുരക്ഷാ വർദ്ധനവ് സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിൽ ഇസഡ്-കാറ്റഗറി സുരക്ഷയാണ് ഡോ. എസ്. ജയശങ്കറിന് നൽകിയിട്ടുള്ളത്. 33 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകൾ ഉൾപ്പെടുന്ന ഒരു സംഘമാണ് അദ്ദേഹത്തിന് 24 മണിക്കൂറും സുരക്ഷയൊരുക്കുന്നത്.
